Tuesday 12 August, 2008

1


പണ്ടുപണ്ടുപണ്ടുപണ്ടുപണ്ട്‌..പണ്ടാരവടങ്ങാൻ ഇതു നിൽക്കുന്നില്ലലോ.. ഹാ അപ്പൊ പണ്ടുപണ്ട്‌.. ചളുകാപുരി എന്നൊരു ദേശം ഉണ്ടായിരുന്നു. മദ്ധ്യതിരുവിതാംകൂറിൽ നിന്നും ഇടത്തേക്കു തിരിഞ്ഞ്‌ നാലാമത്തെ ഇടവഴിയിലൂടെ പോകുമ്പോൾ ചെന്നെത്തുന്ന ദേശം. അവിടെ എങ്ങും സമ്പത്‌സമൃദ്ധിയും, സന്തോഷവും നിറഞ്ഞു നിന്നു, കാരണം അതു ഭരിക്കുന്നത്‌, ചളുവർ തിരുമേനിയും, ചുള്ളധൂമകേശരാജനും ആയിരുന്നു.


പക്ഷെ അവരെ അലട്ടുന്ന ഏക ദുഖം ഒന്ന് മാത്രമായിരുന്നു (ഏക ദുഖം പിന്നെ ഒന്നല്ലേ ?? രണ്ടാണോ? യെവൻ ആരെടേയ്‌!)
പുരയും പുരയിടവും പൂരപ്പറമ്പും നിറഞ്ഞു നിൽക്കുന്ന തീപ്പെട്ടി രാജകുമാരി.


അവളെ എങ്ങനെയെങ്കിലും കെട്ടിച്ചു വിട്ടിട്ട്‌ ബാക്കി കാലം സുഖിച്ചു കഴിയാമെന്നു വച്ചാൽ ആരെയും കിട്ടുന്നുമില്ല. ചോദിക്കുന്നവരൊക്കെ ഇത്രയും വലിയ തലവേദന ഏറ്റെടുക്കാൻ തയ്യാറല്ല എന്നു മൊഴിയുകയും ചെയ്യുന്നു.

സർവ്വ ദല്ലാളന്മാർക്കു മെയിൽ അയച്ചിട്ടും സകലമാന വിവാഹ വെബ്‌ സൈറ്റുകളിൽ തപ്പിയിട്ടും തീപ്പെട്ടിക്കുട്ടിക്ക്‌ കെട്ടിയോനെ കിട്ടിയില്ല.
അങ്ങനെ അവർ ആലോചിച്ചിരുന്നുന്നിരുന്നിരുന്നിരുന്നിരുന്നിരുന്ന്‌.. ദേ പിന്നേം തുടങ്ങി.. ഹാ അപ്പൊ ഇരുന്നിരുന്നാലോചിച്ച്‌ ഒരു തീരുമാനത്തിലെത്തി.
സ്വയംവരം.
അതാവുമ്പോൾ പല ദേശത്ത്‌ നിന്നും ആലോചനകൾ വരും. കൂട്ടത്തിൽ കേമനായവനെ പറ്റിക്കുകയും ചെയ്യാം.

കൊള്ളാം, വാട്ട്‌ ആൻ ഐഡിയ സിർജി, ഒരു മുട്ടയിൽ നിന്നും ഡബിൾ ബുൾസ്സായ്‌ !!

അങ്ങനെ അടുത്ത സുപ്രഭാതത്തിൽ ചളുകാപുരി ദേശക്കാർ ഈ വിളമ്പരം കേട്ടുണർന്നു.


ഡും ഡും ഡും ഡും ഡും....
ചങ്ങല, ക്ഷമിക്കണം, ചിലങ്ക കെട്ടി നിൽക്കുന്ന തീപ്പെട്ടി രാജകുമാരിയെ പാട്ടുപാടി നൃത്തം ചെയ്യിപ്പിച്ച്‌ തകധിമി ആക്കുന്നവർക്കു കുമാരിയേയും 10 ലക്ഷം രൂപയുടെ ഫ്ലാറ്റും ഭാഗ്യമുണ്ടെങ്കിൽ ഒരു i10 കാളവണ്ടിയും ലഭിക്കുന്നതായിരിക്കും.... അപേക്ഷകൾ 9302423 എന്ന നമ്പറിലേക്ക്‌ sms ചെയ്യുക.... sms അയക്കേണ്ട ഫോർമാറ്റ്‌ (risk aanu ennaalum [space] ur name)
ഡും ഡും ഡും ഡും ഡും....

Monday 11 August, 2008

2

അങ്ങനെ ആ ശുഭദിനം വന്നു ചേർന്നു.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നും സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യങ്ങളിൽ നിന്നും രണ്ടു രണ്ടര രാജാക്കന്മാർ മാത്രമേ എഴുന്നള്ളിയുള്ളൂ.
എങ്കിലും പരിപാടി തുടങ്ങി. ഗോളി ഇല്ലാത്ത പോസ്റ്റിൽ ഗോൾ അടിക്കാൻ ബോൾ കിട്ടിയ ആവേശത്തോടെ തീപ്പെട്ടിക്കുട്ടി കാലിൽ ചിലങ്കയും കഴുത്തിൽ കൊല്ലം സുപ്രീമും അണിഞ്ഞ്‌ സർവ്വാഭരണ വിഭൂഷിതയായി നിന്നു.


വന്നവരൊക്കെപാട്ടോട്‌ പാട്ട്‌.

എവിടെ! ഒരു രക്ഷയുമില്ല. എല്ലാറ്റിലും എന്തെങ്കിലുമൊക്കെ സംഗതികൾ മിസ്സിംഗ്‌. സകല റൗണ്ടുകളും കഴിഞ്ഞ്‌ യുവരാജാക്കന്മാരൊക്കെ അണ്ണാക്കിലെ വെള്ളവും വറ്റി നിൽക്കുമ്പോഴാണ്‌ പെട്ടെന്നു...


പകൽക്കിനാവിൽ ഞാൻ കാണും സ്നേഹമോ നീ...

ചളുകാപുരിയുടെ കൊട്ടാരമുറ്റത്തെക്ക്‌ അശരീരിയായി ആ പാട്ടൊഴുകി എത്തിയത്‌.

ചുള്ളൻ: രായൻ ഛെ!! രാജൻ .. ഇതെന്താ മ്യൂസിക്കൽ അശരീരിരിയോ?? അതോ എന്റെ പള്ളിമനസിലെ പള്ളിത്തോന്നലാണോ?

ചളുവൻ: രാജനാ?? യേത്‌ രാജൻ? സത്യം പറ, നീ എത്രെണ്ണം അടിച്ചു?

ചുള്ളൻ: ഛേ !! അതല്ലളിയാ രാജ, ല്ലെ.. രാജകീയ ഫാഷ.

ചളുവൻ: ഓ ലെന്ന്. യെസ്‌ മിസ്റ്റർ രാജൻ. അങ്ങു പറഞ്ഞത്‌ ശരിയാണ്‌. എനിക്കും കേൾക്കാം ആ പാട്ട്‌.

ഗോൾ അടിക്കാൻ നിന്ന തീപ്പെട്ടി രാജകുമാരി ആ പാട്ട്‌ കേട്ടതും നാണം കൊണ്ട്‌.. കാറ്റ്‌ പോയ ബോൾ പോലെയായി...

തീപ്പെട്ടി: രാജന്മാരെ.. നിങ്ങൾ ആ മധുരസ്വരം കേട്ടുവോ... അതു എന്നെ വല്ലാണ്ടങ്ങ്‌ ആകർഷിക്കുന്നു..

ചുള്ളൻ: തള്ളേ !! രക്ഷപ്പെട്ടു, അളിയൻ രാജൻ അത്‌ അശരീരി അല്ല "പള്ളി FMൽ" ആരോ പാടുന്ന പാട്ടാണ്‌.

ചളുവൻ: തന്നേയ്‌? കൊള്ളാം. ആരവിടെ.. ടേയ്‌ ഫടാ.. ടേയ്‌, ഇവിടെ ഇവിടെ... പെട്ടെന്നു പള്ളി വണ്ടി തയ്യാറാക്കെടേയ്‌. നമുക്കു സ്റ്റേഷൻ വരെ ഒന്ന് പോകണം.

ഫടൻ: ഏതു സ്റ്റേഷനിൽ? നിങ്ങളു പിന്നേം കേസ്‌ ഉണ്ടാക്കിയാ ?? കഷ്ടം.. രാജാവാണത്രേ രാജാവ്‌.

ചുള്ളൻ: ഛെ !! അതല്ല ഫടാ.. ഇത്‌ FM സ്റ്റേഷൻ

ഫടൻ: യെവിടെ പോണേലും വണ്ടിയിൽ പെട്രോൾ ഇല്ല, രാജാവാത്രെ രാജാവ്‌, പള്ളി വണ്ടിയാത്രെ പള്ളി വണ്ടി..

ചളുവൻ: ടേയ്‌ നീ ഇതിങ്ങനെ ഇടയ്ക്കിടെ പറയണമെന്നില്ല. നോം എല്ലാം മനസ്സിലാക്കുന്നു.


പക്ഷെ ഇതിനൊന്നും കാത്തു നിൽക്കാതെ നമ്മുടെ തീപ്പെട്ടി രാജകുമാരി കൊട്ടാരത്തിൽ നിന്നും ഇറങ്ങി ഓടി..അതു കണ്ട രാജാക്കന്മാരും അവളുടെ പുറകെ ഓടി...


Sunday 10 August, 2008

3

വാലിൽ തീപിടിച്ച തീപ്പെട്ടിയും കേടായ പള്ളിവണ്ടിയും പരിവാരങ്ങളും പള്ളി FMൽ എത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല. രാജന്മാർ വീണ്ടും തപ്പിയപ്പോൾ പാട്ടു വരുന്നതു അവിടുത്തെ കുളിമുറിയിൽ നിന്നാണെന്നു മനസ്സിലായി.
പക്ഷെ അപ്പോഴേക്കും അവിടെവിടെയോ സ്റ്റുഡിയോ ബോർഡ്‌ കണ്ട രാജകുമാരി 70mm ചിരിയോടെ തകധിമി തുടങ്ങിയിരുന്നു.


തജം തജം തകജം... തോം തോം തരികിട തോം
സ്റ്റേഷൻ കുലുങ്ങാൻ തുടങ്ങി.
ഫടന്മാരെല്ലാം 100m സ്പ്രിന്റ്‌ ഓടാൻ തയ്യാറായി.
പകൽക്കിനാവു നിന്നു.
(തുടരും)

Saturday 9 August, 2008

4

കുലുക്കവും തീപ്പെട്ടിയുടെ കിലുക്കവും കണ്ടു പുറത്തു വന്ന ഗായകൻ ആരായിരുന്നു?
ചോള സമ്രാജ്യത്തിലെ യുവ രാജൻ വിധൂഷക പ്രസാദൻ!


നൃത്തം കണ്ട്‌ സന്തോഷം അടക്കാൻ വയ്യാതെ സുന്ദരിക്കുട്ടിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച വിധൂഷകനെ ഫടന്മാർ പിടിച്ചു കെട്ടിയിട്ടു.
പാട്ടു തീർന്നിട്ടും ഡാൻസ്‌ നിർത്താത്ത കുമാരി ബഹളം കേട്ടു തിരിഞ്ഞു നോക്കി.


ഓ നോ... പകൽക്കിനാവിന്റെ വിശ്വരൂപം കണ്ടു (നാണം കൊണ്ടാണോ എന്നറിയില്ല) തീപ്പെട്ടി ഉടൻ തന്നെ ബോധം കെട്ടു വീണു.
രാജാധിരാജന്മാർ വീണ്ടും ചോദ്യചിഹ്നം പോലെ വളഞ്ഞു. ചളുകാപുരി അനാഥമാകുമോ? ഈശ്വരന്മാരേ....
ഒടുവിൽ അവർ ആ കടുംകൈയ്ക്കു തയ്യാറായി. ഗതിയില്ലാത്തതു കൊണ്ടും വിധൂഷകനു വേറെ പണിയില്ലാത്തതു കൊണ്ടും കുമാരിയേയും കാളവണ്ടിയേയും ദാനം ചെയ്യാൻ അവർ തീരുമാനിച്ചു.
തീപ്പെട്ടിയുടെ ചിരിക്കുടുക്ക പോലുള്ള മുഖത്ത്‌ പനിനീരു തളിച്ചു. പെട്ടി ഞെട്ടി. ഫടന്മാർ കൈകൊട്ടി.
കുമാരിയ്ക്കു പരിസരബോധം വരുന്നതിനു മുന്നേ ആ
വിവാഹം മംഗളമായി നടന്നു...

അതിനിടെയിൽ പള്ളിസദ്യയ്ക്കുള്ള തിരക്കിനിടയിൽ ആരൊക്കെയോ വൺസ്‌ മോർ വാണ്ട്സ്‌ മോർ വാണ്ട്സ്‌ മോര്‌ (ടേയ്‌, മോരു കൊണ്ടു വാടേയ്‌) എന്നു കൂവി.
അതു തന്റെ ഫാൻസ്‌ ആണെന്നു വിചാരിച്ച യുവരാജൻ മണ്ഡപത്തിൽ വെച്ചു വീണ്ടും പാട്ടു തുടങ്ങി.
വിധൂഷകൻ പാടുന്നു തീപ്പെട്ടി ആടുന്നു
പാടുന്നു ആടുന്നു
പാടുന്നു ആടുന്നു
അങ്ങനെ പാടി ആടി പാടാടി പാടാടി അവരൊന്നിച്ചു.
ഇതു കണ്ട്‌ ധന്യരായ ചളുവർ തിരുമേനിയും, ചുള്ളധൂമകേസരാജവും സന്തോഷം സഹിക്കൻ വയ്യാതെ ഓടി രക്ഷപ്പെട്ടു..

തീപ്പെട്ടിയും വിധൂഷകനും പിന്നുള്ള കാലം പാടാടി പാടാടി ജീവിച്ചു.


ഈ കഥയിലെ ജീവിച്ചു ചിരിക്കുന്നതോ മരിച്ച്‌ ചിരിക്കുന്നതോ ആയ ആരുടെയെങ്കിലും സാമ്യമുണ്ടെന്ന് നിങ്ങൾക്ക്‌ തോന്നിയാൽ അത്‌ നിങ്ങളുടെ തോന്ന്യാസം മാത്രം ആണെന്നു വിനയപൂർവ്വം അറിയിച്ചുകൊള്ളുന്നു.